
ഹരിപ്പാട്: സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് ആൽ മരം കടപുഴകി വീണു. പള്ളിപ്പാട് വഴുതാനം ഗവ. യുപി സ്കൂളിന്റെ മുകളിലേക്കാണ് മുറ്റത്തുനിന്ന കൂറ്റൻ ആൽമരം കടപുഴകി വീണത്. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്. ഓഫീസ് റൂമും ക്ലാസ് മുറികളും പ്രവർത്തിക്കുന്നു പ്രധാന കെട്ടിടത്തിന്റെ മുകളിലേക്കാണ് മരം വീണത്. ഓട് പാകിയിരുന്ന മേൽക്കൂരയും ഓഫീസ് മുറിയും ഫർണ്ണിച്ചറുകളും തകർന്നു.
കുട്ടികളും അധ്യാപകരും ക്ലാസ് മുറികളിൽ ആയിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. വലിയ പുളിവാക മരവും സ്കൂൾ മുറ്റത്ത് നിൽപ്പുണ്ട്. ഈ രണ്ടു മരങ്ങളും ഉയർത്തുന്ന ഭീഷണി പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്. അവരുടെ നിർദ്ദേശപ്രകാരം ആൽമരത്തിന്റെ കുറച്ചു കൊമ്പുകൾ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.