
കൊച്ചി: മാരകായുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത ഗുണ്ടാ സംഘം മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. എരുമത്തല നാലാം മൈൽ നീരിയേലിൽ വീട്ടിൽ ഫൈസൽ പരീത് (38), ചെമ്പറുക്കി സൌത്ത് വാഴക്കുളം തച്ചേരിൽ വീട്ടിൽ ജോർജ്ജ് മകൻ ജോമിറ്റ് (34), തേവക്കൽ താന്നിക്കോട് വീട്ടിൽ തോമസ് മകൻ വിപിൻ (32), തേവക്കൽ വടക്കേടത്ത് വീട്ടിൽ ശശിധരൻ മകൻ ആനന്ത് വിഎസ് (36), തേവക്കൽ വളവിൽ വീട്ടിൽ രാജൻ മകൻ വിനീത് (36) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് മൂന്നരയിടെ കളമശ്ശേരി എച്ച്.എം.ടി കോളനി പള്ളിലാംകരയിൽ പ്ലാത്താടത്ത് സുരേഷിന്റെ വീട്ടിലാണ് കേസിനാസ്പദമായ അക്രമം നടന്നത്.
സിൽവർ കളറിലുള്ള സുമോ വാഹനത്തിലെത്തിയ അഞ്ചംഗ സംഘം വികലാംഗനും കിടപ്പ് രോഗിയുമായ സുരേഷിന്റെ വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ചു കയറുകയും വീട്ടുകാരെ ആക്രമിക്കുകയും വാതിലും ഇലക്ട്രോണിക് ഉപകരണങ്ങളുൾപ്പെടെ 2.5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത ശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനത്തിൽ കടന്നു കളയുകയായിരുന്നു എന്ന് പൊലീസ് വിശദമാക്കി. ആക്രമണത്തിൽ പരിക്കേറ്റ സുരേഷ്, മക്കളായ സഞ്ജയ് (22), സൌരവ് (23) എന്നിവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതികളിലൊരാളുടെ കൂട്ടുകാരന്റെ സഹോദരിയെ പരിക്കേറ്റവരുടെ വീട്ടിൽ താമസിപ്പിച്ചു എന്നതായിരുന്നു അക്രമത്തിന് കാരണം. തുടർന്ന് സംഭവം അറിഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയ ശേഷം ഉടനെ കളമശ്ശേരി പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ രക്ഷപെട്ട സുമോ വാഹനവും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പെരുമ്പാവൂർ ഭാഗത്തേക്ക് കടന്നിട്ടുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കളമശ്ശേരി ഇൻസ്പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിൽ 3 സംഘങ്ങളായി തിരിഞ്ഞ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
തുടർന്ന് നടത്തിയ തിരച്ചിലിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ സഞ്ചരിച്ചിരുന്ന സിൽവർ കളർ സുമോ വാഹനം പുക്കാട്ടുപടി ഭാഗത്ത് വച്ച് കണ്ടെത്തുകയും പോലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതികളെ അതി സാഹസികമായി പിന്തുടർന്ന് തേവയ്ക്കൽ ഭാഗത്ത് വച്ച് തടഞ്ഞ് നിർത്തുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യുവാൻ ശ്രമിക്കുന്നതിനിടെ അക്രമാസക്തരാകുകയും ഇൻസ്പെക്ടർ വിബിൻ ദാസ്, പൊലീസുകാരായ നജീബ്, ഷെമീർ എന്നിവർക്ക് പരിക്കേൽക്കുകയും തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv