
കുന്നംകുളം: കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടയിലേക്ക് ബൈക്കോടിച്ചു കയറ്റിയതിനെ ചൊല്ലി യുവാക്കളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നടുറോഡിൽ സംഘർഷം. കുന്നംകുളത്ത് രാത്രി 8 മണിയോടെയായിരുന്നു സംഘർഷം ഉണ്ടായത്.
വിലക്കയറ്റത്തിനും വൈദ്യുതി വില വർദ്ധനവിനെതിരെ കുന്നംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം ഗുരുവായൂർ റോഡിൽ എത്തിയപ്പോഴാണ് പ്രകടനത്തിനിടയിലേക്ക് യുവാക്കൾ ബൈക്കോടിച്ചു കയറ്റിയത്. ഇതോടെ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകരും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി ഇരുവരെയും പിടിച്ചു മാറ്റിയാണ് രംഗം ശാന്തമാക്കിയത്.