
10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ വർഷത്തിൽ 2 തവണ നടത്തണമെന്നും ആദ്യത്തേതിൽ മാർക്കു കുറഞ്ഞാൽ രണ്ടാമത്തെ പരീക്ഷയെഴുതി നില മെച്ചപ്പെടുത്താൻ അവസരം നൽകണമെന്നും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൽ (എൻസിഎഫ്) ശുപാർശ ചെയ്യുന്നു.
ഹയർ സെക്കൻഡറിയിൽ 2 ഭാഷകൾ നിർബന്ധമായി പഠിക്കണമെന്നും ഇതിലൊന്ന് ഇന്ത്യൻ ഭാഷയായിരിക്കണമെന്നും നിർദേശത്തിലുണ്ട്. സയൻസ്, ആർട്സ് വേർതിരിവുകളില്ലാതെ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം 9-12 ക്ലാസുകളിൽ വിദ്യാർഥികൾക്കു നൽകണമെന്നും എൻസിഎഫിൽ വ്യക്തമാക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി തയാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂട് ഇന്നലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണു പുറത്തുവിട്ടത്.
വിവിധ വിഷയങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് അതിൽ നിന്ന് 6 വിഷയങ്ങൾ ഹയർ സെക്കൻഡറി തലത്തിൽ പഠിക്കണം. നിലവിൽ സിബിഎസ്ഇ ബോർഡിലുൾപ്പെടെ 5 വിഷയങ്ങൾ മാത്രമാണു ബോർഡ് പരീക്ഷയിലുള്ളത്. ഇന്ത്യൻ ജ്ഞാന സമ്പ്രദായവുമായി ബന്ധപ്പെട്ട ഭാഗങ്ങളും പാഠ്യപദ്ധതിയിൽ ഭാഗമാക്കണമെന്നും നിർദേശമുണ്ട്.