
ചെസ് ലോകകപ്പ് കിരീടം ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോകചാമ്പ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്സന്. അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ വമ്പന്‍താരങ്ങളെ അട്ടിമറിച്ചെത്തിയ ഇന്ത്യന്‍ താരം ആര്. പ്രഗ്നാനന്ദയെ ടൈ ബ്രേക്കറില്‍ മറികടന്നാണ് കാള്‍സന്റെ ലോകകപ്പ് കിരീടനേട്ടം. ടൈ ബ്രേക്കറില്‍ അടിതെറ്റിയെങ്കിലും ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലാക്കിയ പ്രഗ്നാനന്ദ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീട്ടിയിരുന്നു. ഒടുവില്‍ ടൈ ബ്രേക്കറിലെ ആദ്യ ഗെയിം സ്വന്തമാക്കിയ കാള്സന്, രണ്ടാം ഗെയിം സമനിലയിലാക്കിയാണ് കിരീടം സ്വന്തമാക്കിയത്. അസര്‍ബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയായിരുന്നു കാള്‍സന്റെ ഫൈനല്‍ പ്രവേശനം.
വിശ്വനാഥന് ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. 2005ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനു ശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രഗ്നാനന്ദ. സെമിയില്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള അമേരിക്കന്‍ താരം ഫാബിയാനോ കരുവാനോയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം.