
വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസം എന്നിങ്ങനെ കേരളീയ സമൂഹം ഒരു കാലത്ത് ചർച്ച ചെയ്യാൻ തയ്യാറാകാതെയിരുന്ന വിഷയങ്ങൾ പൊതുമണ്ഡലത്തിലെത്തിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു ചട്ടമ്പി സ്വാമികൾ. ഇന്ന് അദ്ദേഹത്തിന്റെ 170 ആം ജന്മവാർഷികം. കേരള സമൂഹത്തെ നവോത്ഥാന ആശയങ്ങളിലേക്ക് നയിച്ച ചട്ടമ്പി സ്വാമികളുടെ ഓർമ്മകളിലേക്ക്…
വർഷം 1903, ജാതിയമായ വേർതിരിവുകൾ അരങ്ങു വാണിരുന്ന കേരള സമൂഹത്തോട് ആ മനുഷ്യൻ ഒരു ആഹ്വാനം നടത്തി. ‘അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലം കഴിഞ്ഞു’ എന്നായിരുന്നു ആ ആഹ്വാനം. ആ കാലത്ത് അത്തരമൊരു അഭിപ്രായം പൊതുവേദിയിൽ പറയുക എന്നത് ചെറിയ കാര്യമായിരുന്നില്ല. ആ മനുഷ്യന് അത് സാധിച്ചു. അദ്ദേഹത്തെ കേരളീയ സമൂഹം ചട്ടമ്പി സ്വാമികൾ എന്ന് വിളിച്ചു. ഹിന്ദുമതത്തിൽ അന്ന് പുലർത്തികൊണ്ടിരുന്ന തെറ്റായ രീതികളോടും, വൈദേശികമായ മതാധിപത്യത്തോടും കടുത്ത പ്രതിഷേധമാണ് അദ്ദേഹം ഉയർത്തിയിരുന്നത്. അദ്ദേഹത്തിന്റെ ആദ്യ കൃതിയായ ‘സർവ്വമത സാരസ്യം’ എല്ലാ മതങ്ങളുടെയും അർത്ഥം ഒന്നു തന്നെയെന്ന വാദമാണ് മുന്നോട്ട് വയ്ക്കുന്നത്.
1853 ആഗസ്റ്റ് 25ന് തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് സ്വാമികളുടെ ജനനം. കുഞ്ഞൻ പിള്ള എന്നായിരുന്നു യഥാർത്ഥ പേര്. ചെറുപ്പകാലത്ത് പഠനത്തിലുള്ള സാമർഥ്യം കാരണം ‘വിദ്യാധിരാജൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ പഠനത്തിലെ മിടുക്ക് മോണിറ്റർ എന്നർത്ഥം വരുന്ന ‘ചട്ടമ്പി’ എന്ന പദവി ലഭിക്കുന്നതിന് കാരണമായി. കുട്ടിക്കാലത്ത് ഗുരുവിന്റെ അയിത്താചാരങ്ങളോട് കടുത്ത എതിർപ്പായിരുന്നു സ്വാമികൾക്ക്. അതുകൊണ്ട് തന്നെ യാഥാസ്ഥിതിക ആചാരങ്ങളെ വെല്ലുവിളിച്ച് മറ്റ് സമുദായക്കാരായ സുഹൃത്തുക്കളോട് അടുത്തിടപഴകുകയും അവരുടെ വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം തന്നെ യാഥാസ്ഥിതിക സവർണ്ണ സമൂഹത്തിനു സ്വാമികളോട് അപ്രിയം വർധിപ്പിക്കാൻ കാരണങ്ങളായി.
ശ്രീനാരായണ ഗുരു, നീലകണ്ഠപാദർ, പരമഹംസ തീർത്ഥപാദർ എന്നിവരുമായി സ്വാമികൾ മികച്ച ബന്ധം സൂക്ഷിച്ചിരുന്നു. അതുമൂലം, കേരള പൊതു സമൂഹത്തിന് ലഭിച്ച ദാർശനിക ബോധങ്ങൾ വളരെ വലുതാണ്. തന്റെ ജീവിതത്തിൽ അഹിംസാസങ്കല്പം നിഷ്ഠയോടെ പുലർത്തിപ്പോന്നിരുന്നയാളാണ് ചട്ടമ്പി സ്വാമികൾ.1892 ൽ സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചപ്പോൾ ചട്ടമ്പി സ്വാമികളെ നേരിൽ കാണുകയും, ചിന്മുദ്രയെക്കുറിച്ച് ഉപദേശം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അന്നുണ്ടായിരുന്ന ചരിത്ര ഗ്രന്ഥങ്ങളിലെ പക്ഷപാതപരമായ സമീപനങ്ങളെ സ്വാമി തുറന്നുകാട്ടി. ജാതി വ്യവസ്ഥയിൽ ചവുട്ടിതാഴ്ത്തപ്പെട്ട വിഭാഗങ്ങൾ ഒരിക്കൽ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിൽ വഹിച്ച പങ്ക് സ്വാമികൾ തന്റെ കൃതികളിലൂടെ വ്യക്തമാക്കി. പ്രാചീന മലയാളം, വേദാധികാര നിരൂപണം, ക്രിസ്തുമതസാരം, ജീവകാരുണ്യനിരൂപണം, അദ്വൈത ചിന്താപദ്ധതി തുടങ്ങിയ സ്വാമിയുടെ കൃതികൾ സാമൂഹ്യ പരിഷ്കരണത്തിന്റെ മുഖമുദ്രയായി.