
” ഞാൻ വൈദ്യുതികാന്തികതയുമായി അടുത്തു നിൽക്കുകയാണ്. എന്തോ കൈപ്പിടിയിലായി എന്നെനിക്കു തോന്നുന്നു, ചിലപ്പോഴതൊരു തിമിംഗലമായിരിക്കാം, ചിലപ്പോഴത് പൊള്ളയായിരിക്കാം”; ഡൈനാമോ കണ്ടുപിടിത്തതോട് അടുത്ത് നിൽക്കുന്ന നിമിഷത്തിൽ മൈക്കൾ ഫാരഡേ സുഹൃത്തായ ഫിലിപ്പിനെഴുതിയ വാക്കുകളാണ്.
ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ തന്റെ ഡയനാമോ കണ്ടുപിടിത്തത്തിലൂടെ മെരുക്കിയത് മൈക്കൽ ഫാരഡേയാണ്. ലോക ചരിത്രത്തിലെ ഏറ്റവും സുപ്രധാന കണ്ടുപിടിത്തത്തിന്റെ ഉടമയായ ഫാരഡേ വിടവാങ്ങിയിട്ട് ഇന്നേക്ക് 156 വർഷം.
ഫാരഡേയുടെ പ്രതീക്ഷ യാഥാർഥ്യമായി. ആ കണ്ടുപിടിത്തം, ശാസ്ത്ര ലോകത്തും മനുഷ്യരാശിയുടെ പുരോഗതിയിലും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ സാധ്യതകളില്‍ നിന്നായിരുന്നു.
ഇംഗ്ലണ്ടില്‍ 1791 സെപ്തംബര്‍ 22-നാണ് ഫാരഡേയുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് എഴുത്തും വായനയും കുറച്ച് കണക്കും മാത്രമാണ് ഫാരഡേയ്ക്ക് പഠിക്കാൻ കഴിഞ്ഞത്. പിന്നീട് പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യുന്ന ജോലിയിലേക്ക് ഫാരഡേ പ്രവേശിച്ചു. ഈ കാലയളവിലാണ് പുസ്തകങ്ങൾ വായിക്കാനും സയന്‍സില്‍ ആദ്യം കൗതുകവും പിന്നീട് അറിവും വികസിപ്പിക്കാനും ഫാരഡേയ്ക്ക് സാധിച്ചത്.
1812-ല്‍ റോയല്‍ സൊസൈറ്റിയിലെ ഡേവിയുടെ ലാബിലേക്ക് പ്രവേശനം അപേക്ഷിച്ചുകൊണ്ട് ഫാരഡേ ഒരു കത്തെഴുതി. ഫാരഡേ രചിച്ച ഡേവിയുടെ പ്രഭാഷണങ്ങളുടെ പുസ്തകം കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ടായിരുന്നു ഈ കത്ത്. 1813-ല്‍ ലാബില്‍ ഒരു ജോലിസാധ്യത ഉണ്ടായപ്പോള്‍ ഡേവി ഫാരഡേയെ ആ ജോലിയിലേക്ക് ക്ഷണിച്ചു. അങ്ങനെ ഇരുപത്തിരണ്ടാം വയസ്സില്‍ ഫാരഡേ ഔദ്യോഗികമായി ലാബിലെ സഹായിയായി.
ലാബിലെ ജോലികളിൽ പ്രാഗത്ഭ്യം തെളിയിച്ച ഫാരഡേ 1816-ല്‍ പ്രകൃതിജന്യമായ ചുണ്ണാമ്പിനെ പറ്റി ഒരു പഠനം പ്രസിദ്ധീകരിച്ച് ശാസ്ത്രലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. 1823-ല്‍ ഫാരഡേ റോയല്‍ സൊസൈറ്റിയിൽ ഫെല്ലോ ആയി സ്വീകരിക്കപ്പെട്ടു. 1825-ല്‍ ലാബ് ഡയറക്ടറായും ഫാരഡേ നിയമിതനായി. ക്ലോറിന്‍ ദ്രവീകരിച്ചതടക്കം രസതന്ത്രത്തില്‍ തന്റെ വ്യക്തമായ കൈയൊപ്പ് ചാര്‍ത്തിയ ശേഷം ഫാരഡേ വൈദ്യുതി പരീക്ഷണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
ബെൻസീൻ കണ്ടുപിടിച്ചതും, ക്ലോറിന്റെ ക്ലാത്രേറ്റ് ഹൈഡ്രേറ്റ് സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തിയതും ബൺസെൻ ബർണറിന്റെ ആദ്യരൂപം കണ്ടുപിടിച്ചതും ഓക്സിഡേഷൻ നമ്പറുകൾ സംബന്ധിച്ച വ്യവസ്ഥകൾ രൂപപ്പെടുത്തിയതും ഫാരഡേയുടെ രസതന്ത്രമേഖലയിലെ സംഭാവനകളാണ്.