
തിരുവനന്തപുരം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ (വിഎസ്എസ്സി) ടെക്നിക്കല്‍ – ബി തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ മൂന്ന് പ്രതികളെ ഹരിയാനയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചു. ഹരിയാന സ്വദേശി ദീപക് ഷിയോകന്ദ് ആണ് തട്ടിപ്പിന്റെ സൂത്രധാരന്‍ എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരന് കൂടിയായ ദീപക് ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ആറ് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നത്.
പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കിയിരുന്ന ഉദ്യോഗാര്‍ത്ഥി ഋഷിപാലാണ് ഹരിയാനയില്‍ നിന്ന് കേരള പൊലീസ് അറസ്റ്റ് ചെയ്ത മറ്റൊരു പ്രതി. ഇയാള്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് എത്തി പരീക്ഷ എഴുതിയത് അമിത്ത് എന്നയാളായിരുന്നു. ഇയാളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരന്‍ ദീപകിന്റഎ സഹായിയായ ലഖ്വിന്ദർ എന്നയാളെയും അറസ്റ്റ് ചെയ്ത് കേരളത്തില്‍ എത്തിച്ചു. അതേസമയം മറ്റ് മൂന്ന് പരീക്ഷകളില്‍ കൂടി സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കേരള പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ പരീക്ഷകളും റദ്ദാക്കാൻ അതത് സ്ഥാപനങ്ങള്‍ക്ക് റിപ്പോർട്ട് നൽകുമെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ അറിയിച്ചു.