
ആറന്മുള: ഓണാഘോഷത്തിന് മാറ്റുകൂട്ടി ആറന്മുളയിൽ ചരിത്രപ്രസിദ്ധമായ തിരുവോണത്തോണിയെത്തി. തിരുവോണ ദിവസം വൻ ജനാവലിയാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയത്. 52 കരകളിലെ പള്ളിയോടങ്ങളെ ക്ഷണിച്ചാണ് തിരുവോണത്തോണി ആറന്മുളയിൽ എത്തിയത്. പമ്പയാറ്റിൽ വെള്ളം നന്നായി കുറവായതിനാൽ തിരുവോണ തോണിയിലും പള്ളിയോടങ്ങളിലൂടെ എത്തിയവർ കടവിലേക്ക് അടുക്കാൻ നന്നേ പാടുപെട്ടു.
വഞ്ചിപ്പാട്ട് പാടി വിവിധ ദേശക്കാർ പള്ളിയോടങ്ങളിൽ ഓണത്തിൻറെ ആവേശം തീർത്തു. സമൃദ്ധമായ തിരുവോണ സദ്യ ഉണ്ണാനും ക്ഷേത്രദർശനത്തിനുമായി ആയിരങ്ങളാണ് തിരുവോണ ദിവസം തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയത്.