
ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യം, ആദിത്യ എൽ 1 നാളെ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11:50 നാണ് വിക്ഷേപണം നടക്കുക. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. വിക്ഷേപണ കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും.
വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് കഴിഞ്ഞദിവംസം അറിയിച്ചിരുന്നു. റിഹേഴ്സൽ പൂർത്തിയായതായും റോക്കറ്റും സാറ്റലൈറ്റും തയാറാണെന്നും അദ്ദേഹം പറഞ്ഞു. പിഎസ്എൽവി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങൾ കണ്ടെത്തുക, സൗരകൊടുങ്കാറ്റിന്റെ ഫലങ്ങൾ എന്തെല്ലാമെന്ന് വിലയിരുത്തുക എന്നിവയാണ് ദൗത്യം മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യം. ഇതിന് പുറമേ സൗര വികിരണങ്ങൾ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളും പഠിക്കും.
നാല് മാസത്തെ യാത്ര, അതായത് 125 ദിവസമെടുത്താകും പേടകം ലക്ഷ്യസ്ഥാനത്തെത്തുക. ഭൂമിയിൽ നിന്നും ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാകും ഉപഗ്രഹമെത്തുന്നത്. സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദു അഥവാ എൽ1 കേന്ദ്രീകരിച്ചാകും ആദിത്യയുടെ യാത്ര. ബഹിരാകാശ നിരീക്ഷണ കേന്ദ്രമായാകും ഉപഗ്രഹം പ്രവർത്തിക്കുക.