
ഇടുക്കി: ചെറുതോണിയില്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മൈലപ്പുഴ ആറ്റുപുറത്ത് ജെറിന്(29) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മൊബൈല്‍ ഫോണില്‍ റേഞ്ചില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി.
100 അടി ഉയരത്തിലുള്ള ബിഎസ്എന്‍എല്‍ ടവറിനു മുകളില്‍ കയറിയായിരുന്നു യുവാവിന്റെ പ്രതിഷേധം. ടവറിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുമെന്നായിരുന്നു ഭീഷണി. ദിവസങ്ങളായി പ്രദേശത്ത് ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണുകൾക്ക് കവറേജില്ലായിരുന്നു. ഇതോടെ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ വരികയായിരുന്നു.
സംഭവത്തെ കുറിച്ച് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കഞ്ഞിക്കുഴി പൊലീസ് സംഭവ സ്ഥലത്തെത്തി. അതിനിടയില്‍ മൊബൈല്‍ ഫോണില്‍ കവറേജ് വരികയും യുവാവ് താഴെ ഇറങ്ങുകയും ചെയ്തു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)