
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ചു. സ്ഥാനാർഥികളെ ആവേശത്തിലാഴ്ത്തി രാവിലെ മുതൽ തന്നെ പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാരുടെ ഒഴുക്ക്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിനായി ആറരയോടെ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഒരു മാസം നീണ്ടു നിന്ന പ്രചരണകാലത്തെ വീറും വാശിയും ബലപ്പെടുത്തുന്നതാണ് പോളിങ് ബൂത്തുകളിലെ തിരക്ക്. കൊണ്ടുപിടിച്ച പ്രചരണത്തിന്റെ ആവേശം ജനങ്ങളിലുമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബൂത്തുകളിൽ കാണുന്ന നീണ്ട നിര. ബൂത്തുകളിലെ തിരക്ക് പോളിങ് ശതമാനം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.