
ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നവരാകും നമ്മളിൽ അധികം പേരും. ബീറ്റ്റൂട്ട് സാലഡ്, തോരൻ, ബീറ്റ്റൂട്ട് കിച്ചടി, സൂമ്ത്തി, ജ്യൂസ് ഇങ്ങനെ പലരീതിയിൽ ബീറ്റ്റൂട്ട് കഴിക്കാറുണ്ട്. വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്.
ഉയർന്ന അളവിൽ നൈട്രേറ്റുകൾ, ബെറ്റാലൈൻ പിഗ്മെന്റുകൾ, ഫൈബർ, കൂടാതെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, തയാമിൻ, റൈബോഫ്ലേവിൻ, ഗ്ലൂട്ടാമൈൻ, സിങ്ക്, ചെമ്പ്, സെലിനിയം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്.
ബീറ്റ്റൂട്ടിലെ നൈട്രേറ്റുകളുടെ ഉയർന്ന ഉള്ളടക്കം നൈട്രിക് ഓക്സൈഡ് എന്ന വാതകം ഉത്പാദിപ്പിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം, ചെമ്പ്, സോഡിയം, ഇരുമ്പ്, സിങ്ക്, മാംഗനീസ് തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ബീറ്റ്റൂട്ട്. വിറ്റാമിൻ സിയുടെ ശക്തമായ ഉറവിടമായും ഇത് കണക്കാക്കപ്പെടുന്നു.
ബീറ്റ്റൂട്ടിൽ വിറ്റാമിൻ എയും കരോട്ടിനോയിഡുകളും അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് കഴിക്കുന്നത് ത്വക്ക് അർബുദം തടയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ബീറ്റിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ബീറ്റ്റൂട്ടിന് നിറം നൽകുന്ന ബിറ്റാനിൻ എന്ന പിഗ്മെന്റ് ശക്തമായ ആന്റിഓക്സിഡന്റാണ്. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷന്റെ അഭിപ്രായത്തിൽ ആന്റിഓക്സിഡന്റുകൾ ചീത്ത കൊളസ്ട്രോളിന്റെ ഓക്സിഡേഷൻ കുറയ്ക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ബീറ്റ്റൂട്ട് മധുരമുള്ളതിനാൽ പ്രമേഹരോഗികൾ ബീറ്റ്റൂട്ട് ഒഴിവാക്കണമെന്ന് മിക്ക ആളുകളും കരുതുന്നത്. ഇത് തെറ്റിദ്ധരണയാണെന്ന് ഫോർട്ടിസ്-എസ്കോർട്ട് ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഡോ. രൂപാലി ദത്ത പറയുന്നു.
വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, സാധാരണ ടിഷ്യു വളർച്ചയ്ക്ക് ഫോളേറ്റ് അത്യാവശ്യമാണ്, കൂടാതെ നാരുകൾ സുഗമമായ ദഹന പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. മറ്റ് മിക്ക വേരുകളേക്കാളും കിഴങ്ങുവർഗ്ഗങ്ങളേക്കാളും ഇത് പ്രത്യേകിച്ച് പ്രോട്ടീനും ഇരുമ്പും കൂടുതലാണ്.
ബീറ്റ്റൂട്ട് വെള്ളത്തിൽ തിളപ്പിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടിവളർച്ചയ്ക്ക് സഹായിക്കും. ബീറ്റ്റൂട്ട് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അസംസ്കൃത ബീറ്റ്റൂട്ട് ജ്യൂസും വേവിച്ച ബീറ്റ്റൂട്ടും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.