
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. രാവിലെ 11 ന് തുടങ്ങുന്ന സദ്യയിൽ പള്ളിയോട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. ക്ഷേത്രമുറ്റത്തും ഊട്ടുപുരകളിലുമായാണ് സദ്യ വിളമ്പുന്നത്. സദ്യക്ക് വിളമ്പാൻ ചേനപ്പാടിക്കാരുടെ പാളത്തൈരുമായി ഇന്നലെ ഘോഷയാത്ര നടന്നു. ഇത്തവണ വള്ളസദ്യ ഒരുക്കുന്നത് ചെറുകോൽ സോപാനം സികെ ഹരിശ്ചന്ദ്രനാണ്. പാചകം ചെയ്യുന്നവർ ഉൾപ്പെടെ 300 അംഗ സംഘമാണ് ഒപ്പമുള്ളത്.
പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെഎസ് രാജൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്ത ഗോപൻ ഭദ്രദീപം കൊളുത്തി വള്ളസദ്യ ഉദ്ഘാടനം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സദ്യയായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ 51 പള്ളിയോടങ്ങളും ഒരു ലക്ഷത്തിൽപരം ഭക്തജനങ്ങളും പങ്കെടുക്കും. പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും അഷ്ടമിരോഹിണി വള്ളസദ്യക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.