
സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഇന്ന് സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കും. കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശ്ശിക നൽകുക, വേതന പാക്കേജ് പരിഷ്കരിക്കുക, ഇ-പോസ് യന്ത്രത്തിന് നിരന്തരം ഉണ്ടാകുന്ന തകരാറുകൾ പൂർണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്.
ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തിൽ അനുകൂല നിലപാട് ഉണ്ടായിട്ടില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനും റേഷൻ വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ ഇതിനോടകം തന്നെ സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.