
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ പോത്തുപാറയിൽ സ്കൂൾ മുറ്റത്തേക്ക് ക്വാറിയിൽ നിന്നെത്തിയ ടിപ്പർ മറിഞ്ഞു. ഇന്നലെ രാവിലെയാണ് ക്വാറിയിൽ നിന്ന് ലോഡുമായി പോയ ടിപ്പർ ശ്രീകൃഷ്ണവിലാസം സ്കൂളിന്റെ മുറ്റത്തേക്ക് മറിഞ്ഞത്. കുട്ടികൾ എത്തുന്നതിന് തൊട്ട് മുൻപായതിനാൽ വലിയ അപകടം ഒഴിവായി. സ്കൂളിന്റെ സംരക്ഷണഭിത്തി തകർത്താണ് ടിപ്പർ മറിഞ്ഞത്. തകർന്നുപോയ മതിൽ നല്ലരീതിയിൽ കെട്ടിത്തരണമെന്ന പി.ടി.എയുടെ ആവശ്യം ക്വാറി ഉടമകൾ തള്ളിയതോടെ നാട്ടുകാർ ലോറികൾ തടഞ്ഞിട്ടു. ലോറി ഇടിച്ചു തകർന്ന സ്കൂളിന്റെ സംരക്ഷണഭിത്തി ക്വാറി ഉടമകൾ തന്നെ കെട്ടി നൽകണമെന്നാണ് ആവശ്യം.