
ആലപ്പുഴ: പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് മോഷണം പോയതായി പരാതി. ആലപ്പുഴ മുതുകുളം സ്വദേശി ഗോപകുമാറാണ് ഓച്ചിറ പോലീസിനെതിരെ പരാതി നൽകിയത്. ബൈക്ക് അപകടത്തിൽ പെട്ടതിന് പിന്നാലെ താക്കോൽ പോലീസുകാർ വാങ്ങിയതായി ഗോപകുമാർ പറയുന്നു. എന്നാൽ താക്കോൽ വാങ്ങിയിട്ടില്ലെന്നും കേസ് ഒത്തുതീർപ്പാക്കിവിട്ടെന്നുമാണ് പോലീസിന്റെ വാദം.
ജൂൺ 30-ന് വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം. കെഎൽ 29യു 6139 നമ്പർ സ്കൂട്ടർ ഓച്ചിറയിൽ വച്ച് ഒരു കാറിന്റെ പിൻവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗോപകുമാറിന് പരിക്കേൽക്കുകയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവം നടന്നയുടൻ തന്നെ കാർ യാത്രക്കാർ രക്ഷപ്പെട്ടു.
പിന്നീട് കാർ യാത്രക്കാരെയും ഗോപകുമാറിനെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ഗോപകുമാറിന്റെ ബൈക്കിന്റെ താക്കോൽ പോലീസ് വാങ്ങിവെയ്ക്കുകയായിരുന്നു. ഇരുകൂട്ടർക്കെതിരെയും കേസെടുക്കും എന്ന് പറഞ്ഞാണ് പോലീസ് താക്കോൽ വാങ്ങിവെച്ചതെന്ന് ഗോപകുമാർ പറയുന്നു. അടുത്ത ദിവസം വീണ്ടും ഹാജരാകാൻ പറഞ്ഞെങ്കിലും കാർ യാത്രക്കാർ എത്താത്തതിനെ തുടർന്ന് ഇനി വിളിക്കുമ്പോൾ വരണം എന്നു പറഞ്ഞ് മടക്കി വിടുകയാണ് ചെയ്തത്. പിന്നീട് കേസിന്റെ വിവരങ്ങളൊന്നും ഇല്ലാതെ വന്നതോടെയാണ് ഗോപകുമാർ സ്റ്റേഷനിൽ എത്തി വിവരം അന്വേഷിച്ചത്. കേസ് ഒത്തുതീർപ്പാക്കിയെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ, താക്കോൽ തിരികെ ചോദിച്ചപ്പോൾ, ആദ്യം തിരഞ്ഞെങ്കിലും പിന്നീട് താക്കോൽ വാങ്ങിയിരുന്നില്ല എന്ന് പോലീസ് കള്ളം പറയുകയായിരുന്നുവെന്ന് ഗോപകുമാർ പറഞ്ഞു.