
കാവേരി നദീ ജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം കടുക്കുന്നു. തമിഴ്നാടിന് 5,000 ഘന അടി വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. വെള്ളിയാഴ്ച വിവിധ സംഘടനകളാണ് വിവിധ ജില്ലകളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാവേരി ജലം സംരക്ഷിക്കാനുള്ള പ്രതിഷേധങ്ങളില്‍ ബെംഗളൂരുവിലുള്ളവര്‍ വിട്ടുനില്‍ക്കുകയാണെന്നും പ്രതിഷേധത്തിന്റെ വ്യാപ്തി അവര്‍ തിരിച്ചറിയുന്നതിനാണ് ബെംഗളൂരുവിലേക്കുള്ള കുടിവെള്ള വിതരണം തടയാന്‍ ശ്രമിച്ചതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.വെള്ളിയാഴ്ച കന്നട സംഘടന പ്രവര്‍ത്തകര്‍ ബെംഗളൂരുവിലേക്ക് വെള്ളം വിതരണം ചെയ്യുന്ന മണ്ഡ്യയിലെ മളവള്ളി താലൂക്കിലെ തൊരെകടനഹള്ളിയിലെ പമ്പ് ഹൗസിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു. പൊലീസ് ഈ നീക്കത്തെ തടഞ്ഞ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലയിലാണ് കൂടുതലായും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. നഗരത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും എല്ലാ മേഖലയിലും സുരക്ഷ ശക്തമാക്കി. തമിഴ് ജനത കൂടുതലുള്ള മേഖലയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നു നിര്‍ദേശം നൽകി.