
വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ശിവശക്തി പോയിന്റിൽ ശാന്തമായി ഉറങ്ങുകയാണ്. സൂര്യ രശ്മി ചന്ദ്രന്റെ പ്രതലത്തിൽ പതിച്ചെങ്കിലും ഇരുവരും ഉറക്കമുണർന്നിട്ടില്ല. പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ബോണസ് ഘട്ടത്തിൽ ഉപകരണങ്ങൾ എപ്പോൾ വീണ്ടും പ്രവർത്തന സജ്ജമാകുമെന്ന് കൃത്യമായി വിവരം നൽകാൻ കഴിയില്ലെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
ചന്ദ്രനിൽ സൂര്യനുദിച്ചെങ്കിലും ഭൂമിക്ക് സമാനമായ രീതിയിലല്ല പ്രകാശം എത്തുക. 14 ഭൗമ ദിനമാണ് ഒരു ചാന്ദ്രദിനം. അതുകൊണ്ട് തന്നെ വളരെ പതുക്കെയാകും പ്രകാശരശ്മികളുടെ തീവ്രത വർദ്ധിക്കുക. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും ഉപകരണങ്ങൾ ഉണരാം. ചിലപ്പോൾ ഇന്നാകാം, നാളെയാകാം അതുമല്ലെങ്കിൽ 14-ാം ദിവസത്തിന്റെ അവസാനമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.