
ബലാത്സംഗത്തിന് ഇരയായി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ വീടുകള്‍ തോറും കയറിയിറങ്ങി സഹായത്തിനായി കേഴുന്ന 12 വയസുകാരിയുടെ ദൃശ്യം സിസിടിവി ക്യാമറകളില്‍. എന്നാൽ ആരും പെൺകുട്ടിയെ സഹായിക്കാൻ തയ്യാറായില്ല. ചിലരാകട്ടെ പെണ്‍കുട്ടിയെ ആട്ടിയോടിച്ചു. ഒടുവില്‍ സമീപവാസിയായ സന്യാസിയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്നഗർ റോഡിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
അലഞ്ഞു.തിരിഞ്ഞ് ആശ്രമത്തിലെത്തിയ പെൺകുട്ടിക്ക് അവിടെയുള്ള സന്യാസി ധരിക്കാന്‍ വസ്ത്രം നല്കി. അദ്ദേഹം ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയിൽ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. അവൾക്ക് രക്തം ദാനം ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്നു. ആരാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.