
ശുക്രയാൻ-1 എന്ന ഐഎസ്ആർഒ ദൗത്യം പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചെയർമാൻ എസ് സോമനാഥ് വെളിപ്പെടുത്തിയിരുന്നു. ദൗത്യം പുരോഗമിക്കുകയാണെന്നും വിവിധ പേലോഡുകൾ വികസന ഘട്ടത്തിലാണെന്നും പ്രഖ്യാപന വേളയിൽ അദ്ദേഹം പറഞ്ഞിരുന്നു. ശുക്രനിലേക്കുള്ള ദൗത്യവും ശുക്രയാൻ എന്ന പേരിന് പിന്നിലെ അർത്ഥവും എന്താണ് ശുക്രയാൻ-1 എന്നും നോക്കാം…
ശുക്രയാൻ എന്ന പേര് സംസ്കൃതത്തിൽ നിന്നും എടുത്തതാണ്. ശുക്രൻ എന്നർത്ഥം വകുന്ന ശുക്ര എന്നും കരകൗശലം എന്ന് അർത്ഥം വരുന്ന യാന എന്നീ രണ്ട് പദങ്ങളുടെ സംയോജനമാണ് ശുക്രയാൻ. 2012-ലാണ് ശുക്രയാൻ-1 എന്ന ആശയത്തിന് പിറവി കൊള്ളുന്നത്. അതേ വർഷം തന്നെ ഐഎസ്ആർഒ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും പോലോഡ് നിർദ്ദേശങ്ങൾ തേടിയിരുന്നു. ഭൂമിയുടെ ഇരട്ട എന്ന് വിളിക്കപ്പെടുന്ന ശുക്രനെ കുറിച്ച് സമഗ്രമായ പഠനം നടത്തുക എന്നതാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. ശുക്രന്റെ ഉപരിതലവും അന്തരീക്ഷവും പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പദ്ധതിയിടുന്നുണ്ട്. ശുക്രനിൽ ജീവാംശം ഉണ്ട് എന്നത് സംബന്ധിച്ച സംശയം നാസ മുമ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച വിഷയവും ലക്ഷ്യത്തിലുണ്ട്.
ശുക്രയാൻ-1 ദൗത്യം പുരോഗതിയിലാണെങ്കിലും ഇതുവരെയും വിക്ഷേപണ തീയതിയും പദ്ധതിയുടെ സുപ്രധാന തീരുമാനങ്ങളും സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടില്ല.