
പരസ്യങ്ങളില്ലാതെ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കുന്നതിന് പ്രതിമാസ സബ്സ്ക്രിപ്ഷൻ ഫീസ് ഏർപ്പെടുത്താൻ മെറ്റ നിർദ്ദേശം മുന്നോട്ട് വച്ചതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം യൂറോപ്പിലെ ഉപയോക്താക്കൾക്ക് ഈ പ്ലാറ്റ്ഫോമുകളിൽ പരസ്യരഹിത സേവനങ്ങൾ ലഭിക്കാൻ പ്രതിമാസം ഏകദേശം 14 ഡോളർ (ഏകദേശം 1,165 രൂപ) ആണ് നൽകേണ്ടത്.എന്നാൽ ഇന്ത്യ പോലുള്ള ഏഷ്യൻ വിപണികളിൽ ഇത് എപ്പോൾ അവതരിപ്പിക്കും എന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം യൂറോപ്പിൽ സബ്സ്ക്രിപ്ഷൻ ഫീസ് നടപ്പാക്കുന്നതിന് കൂടുതൽ സ്വകാര്യത ലഭിച്ചാൽ സമീപ ഭാവിയിൽ ഇന്ത്യയിലും ഇത് നടപ്പിലാക്കാൻ സാധ്യതയുണ്ട്. നിലവിൽ അയർലൻഡിലെ പ്രൈവസി റെഗുലേറ്റർമാരുമായും ബ്രസല്‍സിലെ ഡിജിറ്റല്‍ കോംപറ്റീഷന്‍ റെഗുലേറ്റര്‍മാരുമായും യൂറോപ്യൻ യൂണിയൻ പ്രൈവസി റെഗുലേറ്റർമാരുമായും തങ്ങളുടെ പുതിയ നീക്കം മെറ്റ പങ്കുവെച്ചതായാണ് റിപ്പോർട്ട്.എന്നാൽ യൂറോപ്യൻ യൂണിയന്റെ പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റ് ആക്ടിന് കീഴിൽ മെറ്റയ്ക്ക് ‘ഗേറ്റ്കീപ്പര്‍’ പദവി നൽകിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ തീരുമാനം. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ വിവിധ സേവനങ്ങളിലുടനീളം സംയോജിപ്പിക്കുന്നതിൽ നിന്ന് യൂറോപ്യൻ യൂണിയന്റെ ഈ നിയമം കമ്പനികളെ വിലക്കുന്നു. ഇത്തരത്തിൽ പലതരത്തിലുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും ഈ നിയമപ്രകാരം നിലനിൽക്കുന്നുണ്ട്.