
എറണാകുളം: കേരളത്തിലെ അർബൻ സഹകരണ ബാങ്കുകളുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് റിസർവ് ബാങ്ക്. ഇന്ന് കൊച്ചിയിലാണ് യോഗം. കരുവന്നൂർ സഹകരണ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ആർബിഐ വിളിച്ചുചേർത്തിരിക്കുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളുമായി അർബൻ ബാങ്കുകൾ മാനദണ്ഡങ്ങൾ മറികടന്ന് സഹകരിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാൻ ഒരുങ്ങുന്നതിന് മുന്നോടിയായാണ് ബാങ്ക് പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള ഇന്നത്തെ യോഗം.
തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കുമായി രണ്ട് അർബൻ ബാങ്കുകൾ ഇടപാട് നടത്തിയതായി ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങൾ അർബൻ ബാങ്കുകൾ പാലിക്കുന്നുണ്ടോയെന്ന് വിശദമായി പരിശോധിക്കാൻ ആർബിഐ ഒരുങ്ങുന്നത്.