
തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളി വില വർധിക്കുന്നു. മഹാരാഷ്ട്രയിൽ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് സംസ്ഥാനത്ത് ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില വർധിക്കാൻ ഇടയാക്കിയത്. പച്ചക്കറി വില കുറഞ്ഞതിന്റെ ആശ്വാസം ഇല്ലാതാക്കുന്ന രീതിയിലാണ് ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലയിൽ വൻവർധനവ് ഉണ്ടായത്. മൊത്തം മാർക്കറ്റുകളിലടക്കം മഹാരാഷ്ട്രയിൽ നിന്ന് ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വരവ് കുറഞ്ഞതോടെ കിലോയ്ക്ക് 100 മുതൽ 120 രൂപ വരെ നിരക്കിലാണ് ചെറുകിട മാർക്കറ്റുകളിൽ ഉള്ളി വിൽപ്പന നടക്കുന്നത്.
നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചതോടെ മഹാരാഷ്ട്രയിൽ നിന്ന് ദിനംപ്രതിയെത്തുന്ന ലോറികളുടെ എണ്ണം കുറഞ്ഞു എന്നാണ് കച്ചവടക്കാർ പറയുന്നത്. ഉള്ളി കൃഷി ചെയ്തിരുന്ന മേഖലകളിൽ മഴ നാശം വിതച്ചതും വില വർധനവിന്റെ കാരണങ്ങളിൽ ഒന്നാണ്. നവരാത്രി ആഘോഷങ്ങൾ കഴിയുന്നതുവരെ വില കുറയാൻ സാധ്യത ഇല്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.