
തിരുവനന്തപുരം: നേമത്ത് യുവതിയെ കഴുത്തിൽ കുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെ എട്ടരയോടെ വീടിന് മുന്നിലെത്തിയ ദീപക്കുമായി റോഡിൽ നിന്ന് ദീർഘനേരം രമ്യ സംസാരിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. പിന്നീട് ഭയന്നോടിയ രമ്യയെ പിന്തുടർന്ന ദീപക്ക് വീട്ടുപടിക്കൽ വച്ച് കടന്നുപിടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം അയൽവീട്ടിലേക്ക് ഓടിയ രമ്യയെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്തും രമ്യയുടെ വീട്ടിൽ തുടർന്ന ദീപക്ക് പൊലീസെത്തിയതറിഞ്ഞ് കൈയ്യിലെ കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന രമ്യയുടെ നില അതീവ ഗുരുതരമാണ്. എന്നാൽ ദീപക്ക് അപകട നില തരണം ചെയ്തു. നേമം സ്വദേശിയായ രമ്യ വെള്ളായണിയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ്. രമ്യയും അമ്മയും അമ്മൂമ്മയും മാത്രമാണ് ഈ വീട്ടിൽ കഴിയുന്നത്. അമ്മ നേമത്ത് പെട്രോൾ പമ്പിലെ ജീവനക്കാരിയാണ്. രമ്യയും ദീപക്കും ഏറെ കാലമായി പ്രണയത്തിലായിരുന്നു.