
ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഭീഷണിയാകാൻ ഒരു ന്യൂട്രോൺ നക്ഷത്ര കൂട്ടിയിടി മതിയെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ആണ് ഇക്കാര്യം കണ്ടെത്തിയത്. കിലോനോവ എന്നറിയപ്പെടുന്ന സംഭവം പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും സ്ഫോടനാത്മകവുമാണ്. സ്പേസ് ഡോട്ട് കോം പറയുന്നതനുസരിച്ച്, ഈ പ്രപഞ്ച സംഭവങ്ങളിൽ ഗാമാ രശ്മികൾ, കോസ്മിക് കിരണങ്ങൾ, എക്സ്-റേകൾ തുടങ്ങിയ മാരകമായ വികിരണങ്ങൾ പുറപ്പെടുവിക്കുന്നതിനാൽ ഈ ആകാശ സംഭവം നമ്മുടെ ഗ്രഹത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുമെന്ന് ശാസ്ത്രജ്ഞർ വിശദീകരിച്ചു.
ഭൂമിയ്ക്ക് 36 പ്രകാശവർഷം ദൂരമുള്ള ചുറ്റളവിൽ ന്യൂട്രോൺ സ്റ്റാറുകൾ തമ്മിൽ കൂട്ടിയിടിച്ചാൽ അത് ഭൂമിയിൽ ഒരു വംശനാശം തന്നെ വരുത്തുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. ഇലിനോയ് അർബാന ഷാംപെയ്ൻ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഹെയ്ലി പെർക്കിൻസും സംഘവുമാണ് സാധ്യതാ പഠനത്തിനു പിന്നിൽ.