
മാവേലിക്കര: ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് അച്ചൻകോവിലാറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തിൽ അരുൺബാബു(31)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അരുൺ ബാബുവിന്റെ ഭാര്യ ലിജി(25)യെ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു ലിജി. അരുൺബാബുവാണ് ലിജിയെ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ ലിജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അരുൺ ബാബുവിനെ കാണാതായത്.
മൊബൈൽ ഫോൺ ആശുപത്രിയിലേക്ക് കൂടെ വന്നവരെ ഏൽപ്പിച്ച് കാറുമെടുത്ത് ഇയാള് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് അരുൺ സഞ്ചരിച്ചിരുന്ന കാർ വെട്ടിയാർ പുലക്കടവ് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ രക്തം കൊണ്ട് ‘ഐ ലവ് യൂ അമ്മു’ എന്നെഴുതിയത് പൊലീസ് കണ്ടെത്തി. പാലത്തിന് സമീപം കുളിക്കടവിലേക്കിറങ്ങുന്ന ഭാഗത്തും രക്തം കണ്ടെത്തി. ഇതോടെ കയ്യിലെ ഞരമ്പ് മുറിച്ച ശേഷം അരുൺ നദിയിൽ ചാടിയെന്ന നിഗമനത്തിൽ പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിവരവെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തുന്നത്.
മൂന്ന് വർഷം മുമ്പാണ് അരുൺ ബാബുവും പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ലിജിയും വിവാഹിതരാകുന്നത്. ഒന്നര വയസുള്ള ആരോഹിണി മകളാണ്. നേരത്തേ ഗൾഫിലായിരുന്ന അരുൺബാബു നാട്ടിൽ ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ലിജി എന്തിനാണ് ജീവനൊടുക്കിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.