
അശാസ്ത്രീയ റോഡ് നിർമ്മാണം മൂലം ചെറിയ മഴയിൽ പോലും വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നു:-
പന്തളം : പന്തളം – തട്ടാരമ്പലം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മുട്ടാർ ജംഗ്ഷനിൽ നിന്നും തേവാലപ്പടി ഭാഗത്തേക്കുള്ള റോഡ് വശങ്ങളിലെ കടയിൽ നിന്നും ഏകദേശം രണ്ടടിയിൽ കൂടുതൽ ഉയരത്തിൽ ഉള്ളതിനാലും ഈ ഭാഗങ്ങളിൽ ഓട പുനർനിർമ്മിക്കാത്തതും മൂലം ചെറിയ മഴപെയ്താൽ പോലും റോഡിൻറെ ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാണ് ഉള്ളത്. ഈ ഭാഗങ്ങളിൽ റോഡ് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. ആഴ്ചകളോളം ആയി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. റോഡിൻറെ വശങ്ങളിലൂടെയുള്ള യാത്ര അപകടകരമായതിനാൽ വിപ വെച്ച് വശങ്ങളിലൂടെയുള്ള യാത്ര തടഞ്ഞിരിക്കുകയാണ്. ഇതിനെതിരെ കെ എസ്ടി പി , പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ. ഈ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ മുട്ടാർ റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു . പ്രസിഡൻറ് ഷാഹുൽഹമീദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം , സെക്രട്ടറി വൈ. റഹിം റാവുത്തർ , വൈസ് പ്രസിഡൻറ് ഇ. എസ്. നുജുമുദ്ധീൻ , മുഹമ്മദ് ഷാ , തോമസ് കുഞ്ഞു കുട്ടി, അബ്ദുൽസലാം, നജീർ , ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.