
ആലപ്പുഴ : കൃഷി മന്ത്രി പി പ്രസാദിന്റെ നിർദേശപ്രകാരം ജില്ലാ കളക്ടർ ഇടപെട്ടതിനെ തുടർന്ന് നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് താൽകാലികമായി നിർത്തിവെച്ചു . ഇതിനെ തുടർന്ന് സമരസമിതിയുടെ ജനകീയ പ്രതിഷേധവും അവസാനിപ്പിച്ചു . മന്ത്രി പി പ്രസാദ് വിഷയം ചീഫ് സെക്രട്ടറിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇന്ന് പുലർച്ചെ മുതൽ മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് ആരംഭിച്ചിരുന്നു . പിന്നാലെ പ്രതിഷേധവുമായി സമരസമിതി പ്രവർത്തകരും എത്തി . മണ്ണെടുക്കുന്ന കരാറുകാരുമായും സമരക്കാരുമായും ചർച്ച നടത്താൻ ജില്ലാകളക്ടർ എ ഡി എമ്മിനെ ചുമതലപ്പെടുത്തിയിരുന്നു .
നവംബർ 16 ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി പ്രസാദ് പങ്കെടുത്ത് സർവ്വകക്ഷി യോഗം ചേരുമെന്നും അതുവരെ മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെക്കണമെന്നും കരാറുകാരോട് എ ഡി എം ആവശ്യപ്പെട്ടു . ഇതിനെ തുടർന്നാണ് മണ്ണെടുപ്പ് താൽകാലികമായി നിർത്തിവെച്ചത് . കൂടാതെ സമരസമിതി ഭാരവാഹികളുമായി എ ഡി എം നടത്തിയ ചർച്ചയെ തുടർന്ന് ജനകീയ പ്രതിഷേധം താൽകാലികമായി അവസാനിപ്പിക്കുന്നതായി സമര സമിതി ഭാരവാഹികൾ അറിയിച്ചു .