
മാവേലിക്കര : നൂറനാട്ടെ മണ്ണെടുപ്പ് നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവ് നൽകിയതായി മന്ത്രി പി പ്രസാദ്. മണ്ണെടുക്കുന്നതിന് മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കും. വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പ്രൊട്ടോകോൾ പാലിച്ചിട്ടില്ല. മണ്ണിടിച്ചിലിന് സാധ്യതയുണ്ടോ എന്നതുൾപ്പടെ പഠിക്കേണ്ടിയിരുന്നു. പ്രൊട്ടോകോൾ നടപ്പാക്കുന്നത് സംബന്ധിച്ച ഒരു രേഖയും കുന്നിടിക്കുന്നതിന് അനുമതി നൽകിയ ഫയലിൽ ഇല്ല. ഇക്കാര്യം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ സമ്മതിച്ചുവെന്നും മന്ത്രി പ്രസാദ് അറിയിച്ചു. സർവകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം, നൂറനാട്ടെ പൊലീസ് അതിക്രമം അന്വേഷിക്കാൻ എസ് പി യെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.