
അശാസ്ത്രീയ റോഡ് , ഓട നിർമ്മാണങ്ങൾക്ക് എതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു:-
പന്തളം : പി ഡബ്ല്യു ഡി യുടെയും കെ എസ് ടി പി യുടെയും നേതൃത്വത്തിലുള്ള പന്തളം – മാവേലിക്കര റോഡിൽ മുട്ടാർ – തേവാലപ്പടി ഭാഗങ്ങൾ , എം സി റോഡിൽ മെഡിക്കൽ മിഷൻ ജംഗ്ഷൻ മുതലായ സ്ഥലങ്ങളിൽ അശാസ്ത്രീയമായ റോഡ് , ഓട മുതലായവയുടെ നിർമ്മാണങ്ങൾ മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ് . ചെറിയ മഴ വന്നാൽ പോലും ഈ ഭാഗങ്ങളിൽ റോഡ് വശങ്ങൾ കവിഞ്ഞ് ചെളിവെള്ളം ഉൾപ്പെടെ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലേക്കും കിണറുകളിലേക്കും നിറയുന്ന വളരെ പരിതാപകരമായ ഒരു പ്രതിഭാസമാണ് ഈ ഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് . മുട്ടാർ ഭാഗങ്ങളിൽ റോഡിൽ നിന്നും രണ്ടടി താഴ്ചയിലേക്കുള്ള ഓടയുടെ സ്ലാബിന് പകുതി ഭാഗത്തായി കോൺക്രീറ്റ് ചെയ്ത് വികൃതമാക്കിയിരിക്കുകയാണ്. അതുവഴി കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും പോകാൻ പറ്റാത്ത രീതിയിലാണ് ഓടയുടെ മുകളിലൂടെ കോൺഗ്രീറ്റ് ഇട്ടിരിക്കുന്നത്. നിർമ്മാണ സമയങ്ങളിലും തുടർന്നും ഈ അശാസ്ത്രീയ നിർമ്മാണങ്ങളെപ്പറ്റി വകുപ്പ് മന്ത്രിക്കും പി ഡബ്ല്യു ഡി , കെ എസ്ടി പി തുടങ്ങിയവർക്കും ഫോട്ടോയും വീഡിയോകൾ സഹിതവും പരാതി നൽകിയിട്ട് നാളുകൾ ആകുന്നു . ഇതുവരെ ഒരു പരിഹാരവും കാണാൻ സാധിച്ചിട്ടില്ല . ഇതിനെതിരെ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു . എത്രയും പെട്ടെന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തുമെന്നും നേതാക്കൾ അറിയിച്ചു . നിർമ്മാണ പ്രവർത്തനങ്ങളിൽ പി ഡബ്ല്യു ഡി യുടെയും കെ എസ്ടി പി യുടെയും ഉദ്യോഗസ്ഥർ വേണ്ട മേൽനോട്ടം വഹിക്കുന്നില്ല എന്നുള്ളതാണ് നിർമ്മാണ കമ്പനികളുടെ തന്നിഷ്ടപ്രകാരമുള്ള നിർമ്മാണത്തിന് കാരണമാകുന്നത് . ബാങ്കിംഗ് ഓഫ് റോഡ് എന്ന തത്വമനുസരിച്ച് ഭൂപ്രകൃതിയുടെ വ്യത്യാസമനുസരിച്ച് റോഡുകളും ഓടയും നിർമ്മിക്കുന്നതിൽ പി ഡബ്ല്യു ഡി ഉൾപ്പെടെയുള്ളവർ ശ്രദ്ധിക്കാത്തതാണ് ഈ ബുദ്ധിമുട്ടുകൾക്കെല്ലാം കാരണമെന്നും പ്രതിഷേധയോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു . മണ്ഡലം മകരവിളക്ക് കാലമായതിനാൽ പന്തളത്തെ റോഡുകളും വ്യാപാര സ്ഥാപനങ്ങളും വൻതിരക്ക് അനുഭവപ്പെടുന്ന സമയത്ത് മഴവെള്ളം മൂലം റോഡ് ഗതാഗതവും വ്യാപാരങ്ങളും തടസ്സപ്പെടുന്ന രീതിയെ യോഗം അപലപിക്കുകയും കൂടുതൽ സമരപരിപാടികൾക്ക് തയ്യാറാവുകയും ചെയ്യുകയാണ് . പ്രതിഷേധയോഗം മണ്ഡലം പ്രസിഡൻറ് എസ് . ഷെരീഫ് അധ്യക്ഷത വഹിച്ചു . കോൺഗ്രസ് നേതാക്കളായ പന്തളം മഹേഷ് , നൗഷാദ് റാവുത്തർ , കെ. ആർ .
വിജയകുമാർ , ജി. അനിൽകുമാർ , ഇ . എസ് .നുജുമുദ്ധീൻ , പി . എസ് . വേണു കുമാരൻ നായർ , പന്തളം വാഹിദ് , കെ. എം. ജലീൽ , പി പി ജോൺ , ബൈജൂമുകുടിയിൽ തുടങ്ങിയവർ സംസാരിച്ചു.