
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ അഹമ്മദാബാദിലെ സ്ലോ പിച്ചില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര റണ്ണടിക്കാന്‍ പാടുപെട്ടപ്പോള്‍ ആകെ പിറന്നത് 13 ഫോറും മൂന്ന് സിക്സും മാത്രം. അതില്‍ ഒമ്പത് ഫോറും മൂന്നും സിക്സും പിറന്നത് ആദ്യ പത്തോവറില്‍. അവസാന നാലോവറില്‍ ഇന്ത്യ ആകെ അടിച്ചത് നാലു ഫോര്‍ മാത്രം. റണ്ണടിച്ചു കൂട്ടേണ്ട അവസാന പത്തോവറില്‍ ഇന്ത്യ നേടിയതാകട്ടെ രണ്ടേ രണ്ട് ബൗണ്ടറി. അതടിച്ചതാകട്ടെ 42-ാം ഓവറില്‍ മുഹമ്മദ് ഷമിയും അമ്പതാം ഓവറില്‍ മുഹമ്മദ് സിറാജും.
അഹമ്മദാബാദിലെ സ്ലോ പിച്ച് ഇന്ത്യന്‍ ബാറ്റര്‍മാരെ എത്രമാത്രം ബുദ്ധിമുട്ടിച്ചുവെന്ന് മനസിലാക്കാന്‍ ഈ കണക്കുകള്‍ നോക്കിയാല്‍ മാത്രം മതി. രോഹിത് ശര്‍മ തുടക്കത്തില്‍ തകര്‍ത്തടിച്ചപ്പോള്‍ മാത്രമാണ് അഹമ്മദാബാദിലെ ഒന്നേകാല്‍ ലക്ഷത്തോളം കാണികള്‍ ഒന്നുണര്‍ന്നത്. അതിനുശേഷം അവാര്‍ഡ് സിനിമപോലെ ശോക മൂകമായിരുന്നു നരേന്ദ്ര മോദി സ്റ്റേഡിയം.